മലപ്പുറം: സുപ്രധാന ചര്‍ച്ചാ വേളകളില്‍ പാർലമെന്റിൽ അസാന്നിധ്യം കൊണ്ട് വാർത്താ പ്രാധാന്യം നേടിയ പി കെ കുഞ്ഞാലിക്കുട്ടി എംപി. കേരളത്തിൽ നിന്ന് പാര്‍ലമെന്റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവച്ച എംപിമാരുടെ കൂട്ടത്തിലും സ്ഥാനം പിടിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ കൂട്ടത്തിൽ വളരെ കുറവ് ഹാജര്‍ നിലയുള്ള എംപിയാണ് മലപ്പുറത്തെ മുസ്ലിം ലീഗ് ജനപ്രതിനിധിയായ പി കെ കുഞ്ഞാലിക്കുട്ടി. 51 ശതമാനമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില.
ലോകസഭ ഹാജര്‍ നിലയിലെ ദേശീയ ശരാശരി 80 ശതമാനമാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, മുത്തലാഖ് ബില്ല് അവതരണം പോലുള്ള സുപ്രധാന ചര്‍ച്ചകളും മറ്റും നടക്കുന്ന സമയങ്ങളിൽ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ലമെന്റിലെ അസാന്നിധ്യം വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടി തന്റെ പ്രവര്‍ത്തന കാലയളവില്‍ ആകെ ചോദിച്ചത് 82 ചോദ്യങ്ങള്‍ മാത്രമാണ്.
ചോദ്യങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരി 90 ആണ്. സംവാദങ്ങളില്‍ പങ്കെടുത്തതിലും ഏറ്റവും പിന്നിലാണ് കുഞ്ഞാലിക്കുട്ടി. 9 തവണയാണ് മലപ്പുറത്തെ എംപി ഏതെങ്കിലും സംവാദങ്ങളിൽ ഇടപെട്ടത്. സംവാദങ്ങളിൽ എംപിമാര്‍ പങ്കെടുത്തതിന്റെ ദേശീയ ശരാശരി 15.7 ആണ്. ലോക്‌സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെയും പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് വെബ്‌സൈറ്റിലെയും രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്ക്.
